Posts

Showing posts from 2025

അംഗവൈകല്യം

ഒരു ദിവസം എന്റെ സുഹൃത്ത് എനിക്കൊരു വീഡിയോ അയച്ചു തന്നു. ഒരു സ്ത്രീ ഒരു വേദിയിൽ ഇരുന്ന് അപശ്രുതി പാടുന്നു. ഞാനത് കേട്ടു. അതിനു ശേഷം പലരും അത് അയച്ചു. അവരെ നല്ല രീതിയിൽ ചീത്ത വിളിച്ചു കൊണ്ടുള്ള എഴുത്തുകളൊയിരുന്നു എല്ലാം തന്നെ. എന്നെ അത് ഒരു പാട് ചിന്തിപ്പിച്ചു. അംഗവൈകല്യമുള്ള ഒരാൾ നമ്മുടെ മുന്നിൽ ആ വൈകല്യം പ്രകടിപ്പിക്കുമ്പോൾ എന്തായിരിക്കും നമ്മുടെ പ്രതികരണം. അനുകമ്പയോടു കൂടിയുള്ള ഒരു പ്രതികരണമോ അല്ലെങ്കിൽ അവരെ സഹായിക്കാനുള്ള മനസ്ഥിതിയോ എല്ലാം നമുക്ക് ഉണ്ടാകും. എന്ത് കൊണ്ട്? നമുക്ക് ഉള്ള ഒരു കഴിവ് അവർക്ക് കിട്ടാതെ പോയത് കൊണ്ടാവാം. ആ തിരിച്ചറിവ് നമുക്കുള്ളത് കൊണ്ട് അവരെ ചീത്ത വിളിയ്ക്കാനോ കളിയാക്കാനോ പോകുന്നില്ല. എന്നാൽ മുകളിൽ പറഞ്ഞ സ്ത്രീയുടെ കാര്യത്തിൽ നമ്മൾ എന്തിന് അതിനു മുതിരുന്നു. കഴിവ് ഇല്ലാത്ത ഒരു ആൾ അവരുടെ സന്തോഷത്തിന് വേണ്ടി അതു ചെയ്യുമ്പോൾ ആ കഴിവ് ഒരു ജന്മപുണ്യം പോലെ കിട്ടിയ നമ്മൾ എന്തിനു അവരെ കളിയാക്കണം. ഈ തിരിച്ചറിവ് ഇല്ലാത്തതും നമ്മുടെ ഒരു അംഗവൈകല്യം തന്നെ എന്നുള്ള യാഥാർത്ഥ്യം മനസിലാക്കുന്ന നേരം നമ്മൾ മനുഷ്യരാകും …

ധന്യം

ഞാനുൾപ്പെടെ എല്ലാരും തന്നെ ഓട്ടത്തിലാണ്. എന്തിനു വേണ്ടി ? പണം, പ്രശസ്‌തി , മറ്റുള്ളവരുടെ പ്രശംസ ഇതൊക്കെയാണ് നമുക്ക് വേണ്ടത്. എത്ര കിട്ടിയാൽ മതിയാകും? അറിയില്ല.. കിട്ടിയാൽ മാത്രം പോരാ അത് നില നിർത്തുകയും വേണം …എത്ര നാൾക്ക് ? ജീവിതകാലം മുഴുവനായാൽ അത്രയും നല്ലത്... ആർക്ക് വേണ്ടി? എനിയ്ക്കു വേണ്ടി? കുടുംബാംഗങ്ങൾക്ക് വേണ്ടി? രാജ്യത്തിനു വേണ്ടി? ഇതിനിടയിൽ ഈ ഭൂമിയിൽ സമയമില്ലാത്തതു കൊണ്ട് നമ്മൾ എന്തെല്ലാം നഷ്ടപ്പെടുത്തുന്നു. ഒരു ബാലൻസ് ഷീട്ട് തയ്യാറാക്കിയാൽ നഷ്ടങ്ങളായിരിക്കും കൂടുതൽ. അതും ആപേക്ഷികം. പണമാണ് എല്ലാറ്റിനും മുകളിൽ എന്ന് ചിന്തിക്കുന്നവർക്ക് മറിച്ചായിരിക്കാം …യഥാർത്ഥത്തിൽ നഷ്ടമാണ് സംഭവിച്ചിരിയ്ക്കുന്നത് എന്നത് മനസിലാക്കാൻ ഈ ജന്മത്തിൽ കഴിഞ്ഞാൽ നമ്മൾ ധന്യരായി...മനുഷ്യരായി.. കാരണം ഇനിയും ജീവിതത്തിൽ ദിവസങ്ങൾ ബാക്കിയുണ്ടെങ്കിൽ ആ നഷ്ടം നികത്താൻ നമുക്ക് അവസരം ഉണ്ട്.. അതിനുള്ള ശ്രമത്തിലാണ് ഞാൻ . നിങ്ങളോ?